തുന്പമൺ: പഠനം വ്യക്തിയെ തൊഴിൽ നേടാൻ മാത്രം സഹായിക്കുന്ന ഉപാധിയല്ലായെന്നും സമൂഹത്തിന് വെളിച്ചമാകുന്ന വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന പ്രക്രിയയാണതെന്നും മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെഫാഫിം മെത്രാപ്പോലീത്ത. തുമ്പമൺ എംജി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച തേജസ് 26 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മത്സരങ്ങളുടെ ലോകത്ത് മുന്നേറുമ്പോഴും സത്യസന്ധതയും കരുണയും വിശ്വാസവും കൈവിടരുത്. ഇന്ന് ആദരിക്കപ്പെടുന്ന വിദ്യാർഥികൾ നാളെയുടെ സമൂഹത്തെ നയിക്കുന്നവരാണ്. അതിനാൽ വിജ്ഞാനത്തനൊപ്പം വിനയവും ഉത്തരവാദിത്വ ബോധവും വളർത്തിയെടുക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. പിടിഎ പ്രസിഡന്റ് ഷിബു കെ. ഏബ്രഹാം അധ്യക്ഷത വഹിച്ചു.
മുൻ ഹെഡ്മാസ്റ്റർ കൊമ്പിയിൽ ടി. ഐ. സഖറിയായുടെ സ്മരണാർഥം വടക്കേ താഴേതിൽ കുടുംബയോഗം ഏർപ്പെടുത്തിയ എൻഡോവ്മെന്റിന്റെ ഉദ്ഘാടനവും മെത്രാപ്പോലീത്ത നിർവ്വഹിച്ചു.കുടുംബയോഗം പ്രസിഡന്റ് വി.എസ്. ഇടിക്കുള അനുസ്മരണ പ്രസംഗം നടത്തി.
വിദ്യാർഥികളുടെ പഠന സഹായത്തിനായി രൂപീകരിച്ച ആർദ്രം ചാരിറ്റി ഫണ്ടിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് കുമാർ നിർവഹിച്ചു. യോഗത്തിൽ സ്കൂൾ ലോക്കൽ മാനേജർ ഫാ. ജിജി സാമുവേൽ, മുൻ പ്രിൻസിപ്പാൾ ഡോ. മാത്യു പി. ജോർജ്, മുൻ ഹെഡ്മാസ്റ്റർ റോയി ജോൺ, പ്രിൻസിപ്പാൾ മേരി ഫിലിപ്പോസ് തരകൻ, ഹെഡ്മിസ്ട്രസ് ജോമിനി സൂസൻ ഏബ്രഹാം വിദ്യാർഥി പ്രതിനിധികളായ നിയ ജോസ്, നെയ്തൽ റിച്ച ഷിജു എന്നിവർ പ്രസംഗിച്ചു.